Kerala
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ വിസ്താരത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം. കേസിന്റെ അന്വേഷണത്തിന് നേതൃത്വം നൽകിയ ആർ. ഹരിദാസനാണ് വിസ്താരവേളയിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആർ. ഹരിദാസന്റെ വിസ്താരം പുരോഗമിക്കുന്നതിനിടയിലെ ഇടവേളയിലാണ് സംഭവം.
കൂടത്തായി കേസിൽ ഒന്നാം പ്രതിയായ ജോളി ജോസഫ് തന്റെ ആദ്യ ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയ കേസിന്റെ അവസാനഘട്ട വിചാരണയാണ് നിലവിൽ നടക്കുന്നത്. ഈ കേസിൽ ഇതിനോടകം 130-ലധികം സാക്ഷികളെ കോടതി വിസ്തരിച്ചുകഴിഞ്ഞു. ജോളി പ്രതിയായ കേസുകളിൽ ആദ്യത്തെ വിധി റോയ് തോമസ് വധക്കേസിലായിരിക്കും പുറത്തുവരിക. 2011 സെപ്റ്റംബറിലാണ് റോയ് തോമസ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്.
2019-ലാണ് കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച കൂടത്തായി കൊലപാതകങ്ങളുടെ ചുരുളഴിയുന്നത്. പൊന്നാമറ്റം തറവാട്ടിൽ 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ഒരേ കുടുംബത്തിലെ ആറുപേർ ദുരൂഹമായ സാഹചര്യത്തിൽ മരിച്ചതോടെയാണ് സംഭവം പുറത്തുവന്നത്.
റിട്ട. അധ്യാപികയായ അന്നമ്മ തോമസായിരുന്നു ജോളിയുടെ ആദ്യ ഇര. ആട്ടിൻ സൂപ്പ് കഴിച്ചതിനെത്തുടർന്ന് കുഴഞ്ഞുവീണായിരുന്നു മരണം. പിന്നാലെ അന്നമ്മയുടെ ഭർത്താവ് ടോം തോമസ്, മകൻ റോയ് തോമസ്, അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു, ടോം തോമസിന്റെ സഹോദരന്റെ മകൻ ഷാജുവിന്റെ ഒരു വയസുള്ള മകൾ ആൽഫൈൻ, ഷാജുവിന്റെ ആദ്യ ഭാര്യ ഫിലി എന്നിവരും സമാനമായ രീതിയിൽ മരണപ്പെട്ടു.
ആറു മരണങ്ങളിലെയും ദുരൂഹത പുറത്തുകൊണ്ടുവരുന്നതിൽ അന്നത്തെ സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ജീവൻ ജോർജിന്റെ അന്വേഷണ റിപ്പോർട്ടും തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനകളുമാണ് കേസിൽ നിർണായക വഴിത്തിരിവായത്.
National
ന്യൂഡൽഹി: മണിപ്പുർ വംശീയകലാപവുമായി ബന്ധപ്പെട്ട ക്രിമിനൽക്കേസുകളിൽ ദിനംപ്രതിയുള്ള വിചാരണ ഉറപ്പാക്കാൻ പ്രത്യേക കോടതികൾ സ്ഥാപിക്കാൻ സുപ്രീംകോടതി നിർദേശം. ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ചാണ് നിർദേശം മുന്നോട്ടുവച്ചത്.
സിബിഐയും സംസ്ഥാന പ്രത്യേക അന്വേഷണസംഘവും സമർപ്പിച്ച കുറ്റപത്രങ്ങളുടെ പകർപ്പുകൾ പല ഇരകൾക്കും ഇതുവരെ ലഭിച്ചിട്ടില്ലെന്നു നിരീക്ഷിച്ച കോടതി ഒരാഴ്ചയ്ക്കുള്ളിൽ ഇരകൾക്കു രേഖകൾ കൈമാറാൻ ഉത്തരവിട്ടു.
അന്വേഷണം പൂർത്തിയായ കേസുകളുടെയും നിലവിൽ അന്വേഷണം പുരോഗമിക്കുന്ന കേസുകളുടെയും പൂർണവിവരങ്ങൾ നൽകാൻ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയോട് കോടതി ആവശ്യപ്പെട്ടു.
വേഗത്തിലുള്ള വിചാരണയ്ക്ക് എത്ര പ്രത്യേക കോടതികൾ ആവശ്യമായി വരുമെന്നു തീരുമാനിക്കാൻ ഈ വിവരങ്ങൾ സഹായിക്കുമെന്നും കോടതി വ്യക്തമാക്കി. കൂടാതെ കലാപത്തെത്തുടർന്ന് കാണാതായ 30 പേരുടെ കേസുകൾ പരിശോധിക്കാൻ മണിപ്പുർ ഹൈക്കോടതിയോട് സുപ്രീംകോടതി നിർദേശിച്ചു.
National
ഭോപ്പാൽ: മുത്തലാഖ്, ബഹുഭാര്യാത്വം തുടങ്ങിയവ ക്രിമിനൽ കുറ്റകൃത്യമാക്കണമെന്നു നിർദേശിക്കുന്ന ഏകീകൃത സിവിൽ കോഡിന്റെ കരട് ബിൽ മധ്യപ്രദേശ് സർക്കാർ അംഗീകരിച്ചു.
ലിവ് ഇൻ റിലേഷൻഷിപ്പ് ഒരുമാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ മൂന്നുമാസം തടവും ബില്ലിൽ നിർദേശിക്കുന്നു. വിവാഹിതരായ ദന്പതികൾക്കു ജനിച്ച കുട്ടിയുടെ അതേ അവകാശം ദത്തെടുത്ത കുട്ടികൾക്കു നൽകാനും വ്യവസ്ഥയുണ്ട്. വാടക ഗർഭധാരണത്തിലൂടെ ജനിച്ച കുട്ടികൾക്കും സമാനമായ അവകാശം ഉറപ്പാക്കുന്നു.
നേരത്തേ ഇസ്ലാംനഗർ എന്നറിയപ്പെട്ടിരുന്ന ഭോപ്പാലിനു സമീപമുള്ള ജഗദീഷ്പുരിൽ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് കരട് ബില്ലിന് അംഗീകാരം നൽകിയത്.
റാമിനും റഹീമിനും ഉൾപ്പെടെ എല്ലാവർക്കും ബാധകമായ നിയമമാണ് നടപ്പാക്കുന്നതെന്നു മുഖ്യമന്ത്രി മോഹൻ യാദവ് വിശദീകരിച്ചു.
Kerala
പാലക്കാട്:നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷാവിധി ഈ മാസം 20ന് പ്രഖ്യാപിക്കും. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ അന്തിമ വിധി പറയുക.
വിധിപ്രസ്താവത്തിന് മുന്നോടിയായി പ്രതിയുടെ മാനസിക നിലയും കൗൺസിലിംഗ് വിവരങ്ങളും അടങ്ങിയ മിറ്റിഗേഷൻ റിപ്പോർട്ട് നിയമസഹായ വേദി കോടതിയിൽ സമർപ്പിച്ചു. എന്നാൽ ഈ റിപ്പോർട്ടിനെച്ചൊല്ലി കോടതിയിൽ ഇരുഭാഗവും തമ്മിൽ കടുത്ത വാദപ്രതിവാദങ്ങളാണ് നടന്നത്.
പ്രതിക്ക് അനുകൂലമായ മിറ്റിഗേഷൻ റിപ്പോർട്ടിനെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർത്തു. പ്രതിയായ ചെന്താമര നൽകിയ മൊഴികൾ അതേപടി പകർത്തിവെച്ചതല്ലാതെ റിപ്പോർട്ടിൽ സ്വതന്ത്രമായ കണ്ടെത്തലുകളൊന്നുമില്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
പ്രതിക്ക് ശരിയായ ചികിത്സ നൽകാത്തതിനാലാണ് രണ്ടാമത്തെ കൊലപാതകം നടന്നതെന്ന റിപ്പോർട്ടിലെ പരാമർശം തികച്ചും തെറ്റാണെന്നും പ്രൊസിക്യൂഷൻ വാദിച്ചു. ജയിലിൽ പണിയെടുത്തു കിട്ടുന്ന തുക ഇരയായ സുധാകരന്റെ മക്കൾക്ക് നൽകാമെന്ന പ്രതിയുടെ വാഗ്ദാനം വെറും തന്ത്രം മാത്രമാണ്. ചെയ്ത ക്രൂരതയിൽ പ്രതിക്ക് ഒട്ടും പശ്ചാത്താപമില്ലെന്നും, ഭാര്യയും മകളും ഉപേക്ഷിച്ചു പോയതിൽ മാത്രമാണ് ചെന്താമരയ്ക്ക് വിഷമമെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു.
ചെന്താമരയ്ക്ക് ഭാവിയിൽ മാനസാന്തരമുണ്ടാകാനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. അതിനാൽ തന്നെ പരമാവധി ശിക്ഷയായ വധശിക്ഷയിൽ നിന്നും പ്രതിയെ ഒഴിവാക്കണമെന്നും പ്രതിഭാഗം കോടതിയിൽ അഭ്യർഥിച്ചു.
Kerala
കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ കെ. ബിജു ഐഎഎസിനെതിരെ കോടതിയലക്ഷ്യ നടപടി തുടരുമെന്ന് ഹൈക്കോടതി. ഇന്ന് ഹർജി പരിഗണിക്കവേ, മാപ്പപേക്ഷ നൽകിയാലും കോടതിയലക്ഷ്യ നടപടി തുടരുമെന്ന് ജസ്റ്റീസ് എ. ബദറുദ്ദീൻ വ്യക്തമാക്കി.
കോടതിക്കെതിരായ പരാമർശങ്ങളോടെ ഇത്തരത്തിൽ ഉത്തരവ് ഇറക്കിയതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഗൗരവമുള്ള വിഷയമാണിത്. ജുഡീഷൽ പരിശോധന ഇക്കാര്യത്തിൽ ആവശ്യമാണ്. മാപ്പപേക്ഷ നൽകിയാൽ കോടതി അലക്ഷ്യ നടപടി അവസാനിപ്പിക്കാൻ എങ്ങനെ കഴിയുമെന്നും കോടതി ചോദിച്ചു.
അഴിമതി കേസിലെ മുഖ്യ പ്രതിയായ ഐഎന്ടിയുസി നേതാവ് ആര്. ചന്ദ്രശേഖരന്, കശുവണ്ടി വികസന കോര്പറേഷന് മുന് മാനേജിംഗ് ഡയറക്ടര് കെ.എ. രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന് സിബിഐക്ക് അനുമതി നല്കുന്നതില് പുറത്തിറക്കിയ ഉത്തരവാണ് കോടതിയലക്ഷ്യ നടപടികളിലേക്ക് നീങ്ങിയത്.
പ്രോസിക്യൂഷന് അനുമതി നല്കിയ വിവാദ ഉത്തരവില് കെ. ബിജു ഐഎഎസ് മാപ്പപേക്ഷ സമര്പ്പിച്ചിരുന്നു. എന്നാൽ ഇത് കോടതി പരിഗണിച്ചില്ല. ഇതോടെ ചൊവ്വാഴ്ച പുതിയ മാപ്പപേക്ഷ നൽകി.
2006 മുതൽ 2015 വരെയുള്ള കാലയളവിൽ വിദേശത്തുനിന്ന് കശുവണ്ടി ഇറക്കുമതി ചെയ്തതിൽ ചട്ടങ്ങൾ ലംഘിച്ച് കോടികളുടെ അഴിമതി നടത്തുകയും കോർപ്പറേഷന് ഭീമമായ നഷ്ടം വരുത്തുകയും ചെയ്തുവെന്നുമാണ് സിബിഐ കേസ്.
Kerala
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി വ്യാഴാഴ്ചത്തേക്ക് മാറ്റി. അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി 4 ജഡ്ജി കെന്നത്ത് ജോർജ് ആണ് കേസിൽ വിധി പറയുക.
കേസിൽ വാദം പൂർത്തിയായി. ചെന്താമരയ്ക്ക് വധശിക്ഷ തന്നെ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കേസിൽ ചെന്താമര കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു.
ബിഎന്എസ് വകുപ്പ് 103(1), 126 (2) എന്നീ വകുപ്പുകള് പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. വിധി പ്രഖ്യാപിക്കും മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള് തൂക്കി കൊന്നോളൂവെന്നായിരുന്നു ചെന്താമരയുടെ പ്രതികരണം.
നിലവിൽ സജിത വധക്കേസിൽ ഇരട്ടജീവപര്യന്തം തടവ് അനുഭവിച്ചുവരികയാണ് ചെന്താമര. ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് സജിതയുടെ ഭർത്താവായ പോത്തുണ്ടി തിരുത്തംപാടം ബോയൻ ഉന്നതിയിൽ സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്.
National
ന്യൂഡൽഹി: തമിഴ്നാട്ടിൽ പശുക്കളെയും പശുക്കിടാവിനെയും കശാപ്പ് ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. തമിഴ്നാട് സർക്കാർ നൽകിയ പ്രത്യേക ഹർജിയിലാണ് ഇടക്കാല ഉത്തരവ്.
ബക്രീദിന്റെ തലേദിവസമായ മേയ് 28നോ മറ്റേതെങ്കിലും ദിവസമോ സംസ്ഥാനത്ത് ഒരിടത്തും പശുവിനെയോ പശുക്കിടാവിനെയോ അറുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിയും ഡിജിപിയും നടപടി സ്വീകരിക്കണമെന്നു നിർദേശിച്ചുകൊണ്ടാണ് മദ്രാസ് ഹൈക്കോടതി മേയ് 27 ന് ഉത്തരവിറക്കിയത്. ഇതിനെതിരെയാണ് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ച് ഹൈക്കോടതി ഉത്തരവിന്റെ അവസാന ഭാഗം തിരുത്തി സ്റ്റേ അനുവദിച്ചത്.
Kerala
കൊച്ചി: അഭിമന്യു വധക്കേസിന്റെ വിചാരണയ്ക്ക് മുന്നോടിയായി പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. കേസിലെ ആദ്യ 16 പ്രതികളായ എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ എറണാകുളം സെഷൻസ് കോടതിയിൽ നേരിട്ടെത്തിച്ചാണ് കുറ്റപത്രം വായിച്ചുകേൾപ്പിച്ചത്.
കുറ്റം ചെയ്തിട്ടുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി. കേസ് 24ന് വീണ്ടും പരിഗണിക്കും. ആകെ 26 പ്രതികളുടെ കുറ്റപത്രമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്. 2018 ജൂലൈ രണ്ടിനാണ് എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥിയായ അഭിമന്യു കൊല്ലപ്പെട്ടത്.
ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയിൽ കലാശിച്ചത്. കേസിന്റെ വിചാരണ നീളുന്നതിനെതിരെ അഭിമന്യുവിന്റെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി പരിഗണിച്ച ഹൈക്കോടതി ഒമ്പത് മാസത്തിനുള്ളിൽ കേസിലെ വിചാരണാ നടപടികൾ പൂർത്തിയാക്കാൻ ഉത്തരവിട്ടിരുന്നു.
Business
ന്യൂഡൽഹി: ഇന്ത്യയിലെ രോഗികൾക്കായി ഷീൽഡ് മൾട്ടി കാൻസർ ഡിറ്റക്ഷൻ ടെസ്റ്റ് ലഭ്യമാക്കുന്നതിനായി അപ്പോളോ ഹോസ്പിറ്റൽസുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടതായി ഡൈഡസ് ലൈഫ് സയൻസസ് ലിമിറ്റഡ് അറിയിച്ചു.
ഒരൊറ്റ പരിശോധനയിലൂടെ ഒന്നിലധികം തരത്തിലുള്ള കാൻസറുകൾ ശരീരത്തിൽ ഉണ്ടോയെന്ന് മുൻകൂട്ടി കണ്ടെത്താൻ സഹായിക്കുന്ന അത്യാധുനിക ടെസ്റ്റാണ് ഷീൽഡ്. അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ബഹുരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കന്പനിയാണ് സൈഡസ്.
പ്രിസിഷൻ ഓങ്കോളജി മേഖലയിലെ പ്രമുഖ കന്പനായി ഗാർഡന്റ് ഹെൽത്തുമായി ഏർപ്പെട്ട പ്രത്യേക കരാറിലൂടെ ഷീൽഡ് മൾട്ടി കാൻസർ ഡിറ്റക്ഷൻ (എംസിഡി) ടെസ്റ്റ് ഇന്ത്യയിൽ ലഭ്യമാക്കാനുള്ള അവകാശം സൈഡസ് ലൈഫ് സയൻസസിനുണ്ട്.
University News
കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ അഞ്ചു വർഷ ഏകീകൃത ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും അഫിലിയേറ്റഡ് കോളജുകളിലെ നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്തു ട്രയൽ അലോട്ട്മെന്റ് വിവരങ്ങൾ അറിയാവുന്നതാണ്. ജൂൺ 22 ആണ് ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. 22 വരെ അപേക്ഷയിലെ തെറ്റുകൾ തിരുത്താവുന്നതും അതുപോലെ നൽകിയ ഓപ്ഷനുകൾ പുനഃ ക്രമീകരിക്കാവുന്നതുമാണ്. ഒന്നാം അലോട്ട്മെന്റ് 24ന് പ്രസിദ്ധീകരിക്കും.
കണ്ണൂർ സർവകലാശാല യുജി/ പിജി പ്രവേശന പരീക്ഷ 20, 21 ന്
കണ്ണൂർ സർവകലാശാലയിലെ ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷകൾ ജൂൺ 20, 21 തീയതികളിൽ നടക്കും. രാജ്യത്തെ12 കേന്ദ്രങ്ങളിലായാണ് ഓൺലൈൻ ആയി പ്രവേശന പരീക്ഷ നടക്കുക.
പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ https://admissions.kannuruniversity.ac.in/ പോർട്ടലിൽ നിന്നും ഹാൾടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യേണ്ടതാണ്. തിരിച്ചറിയൽ രേഖ, ഹാൾടിക്കറ്റ് എന്നിവ പരീക്ഷയ്ക്കെത്തുന്ന വിദ്യാർഥികൾ പരീക്ഷാ കേന്ദ്രത്തിൽ ഹാജരാക്കേണ്ടതാണ്.
കേരളത്തിൽ കാസർഗോഡ്, കണ്ണൂർ, തലശേരി, മാനന്തവാടി, കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങളുള്ളത്. കേരളത്തിന് പുറത്ത് കോയമ്പത്തൂർ, ചെന്നൈ, ബാംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് പ്രവേശന പരീക്ഷ നടക്കുക.
3000 ത്തിലേറെ വിദ്യാർഥികളാണ് ഈ വർഷം പ്രവേശന പരീക്ഷ എഴുതുന്നത്. പ്രവേശന പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 0497-2766388 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പരീക്ഷാഫലം
മഞ്ചേശ്വരം സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ആറാം സെമസ്റ്റർ ത്രിവത്സര എൽഎൽബി ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി), മേയ് 2026 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസിന്റെ പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഫോട്ടോ ക്കോപ്പിക്കുമുള്ള അപേക്ഷകൾ ജൂലായ് ഒന്നിന് വൈകുന്നേരം അഞ്ചുവരെ സർവകലാശാലയിൽ സ്വീകരിക്കും.
ചരിത്രപഠനത്തിൽ ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദം; 22 വരെ അപേക്ഷിക്കാം
കണ്ണൂര് സര്വകലാശാല പാലയാട് കാമ്പസിലെ ചരിത്ര വിഭാഗത്തിൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ കോഴ്സിന് (FYIMP in Historical Studies) അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ 45 ശതമാനം മാർക്കോടെ പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാവുന്നതാണ്.
പ്രവേശനം ലഭിച്ചവർക്ക് മൂന്നുവർഷം പഠിച്ചാൽ ബിഎ ഹിസ്റ്ററിയിൽ ബിരുദവും നാലുവർഷം പൂർത്തീകരിച്ചാൽ ബിഎ ഹോണേർസ് ബിരുദവും അല്ലെങ്കിൽ ബിഎ ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദവും അഞ്ചുവർഷം പൂർത്തീകരിക്കുന്നവർക്ക് പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദവും ലഭിക്കും. ഇതേ കോഴ്സിനോടൊപ്പം ആന്ത്രോപോളജി, ഇംഗ്ലീഷ് സ്റ്റഡീസ് കോഴ്സുകളിൽ മൈനർ ഡിഗ്രീകൾ നേടാൻ ഉള്ള അവസരവും ഉണ്ട്.
ഈ കോഴ്സിന് ജൂൺ 22 വരെ അപേക്ഷിക്കാം. സംശയ നിവാരണത്തിനായി ഫോൺ മുഖാന്തരം 9495890176, 9544505976 ബന്ധപ്പെടാവുന്നതാണ്, admission.kannuruniversity.ac.in എന്ന സർവകലാശാല വെബ് സൈറ്റിൽ വിശദവിവരങ്ങൾ ലഭ്യമാണ്.
സർവകലാശാല പഠന വകുപ്പ് / സെന്ററുകളിലെ എംബിഎ പ്രോഗ്രാമിന്റെ അപേക്ഷ തിയതി നീട്ടി
കണ്ണൂർ സർവകലാശാല പഠന വകുപ്പ്/സെന്ററുകളിലെ എംബിഎ പ്രവേശനത്തിന് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനുള്ള തിയതി ഇന്ന് വൈകുന്നേരം അഞ്ചു വരെ നീട്ടി. പ്രോസ്പെക്ടസ് ഉൾപ്പെടെയുള്ള കൂടുതല് വിവരങ്ങൾ www.admissions.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. സംശയങ്ങൾക്ക് ഫോൺ 0497-2766388, 7356948230 / ഇ-മെയില് [email protected] മുഖാന്തിരം ബന്ധപ്പെടാം.
പരീക്ഷാ ടൈം ടേബിൾ
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ, 2023 അഡ്മിഷൻ, ഇന്റഗ്രേറ്റഡ് എംപിഇഎസ് വിദ്യാർഥികളുടെ നാലാം സെമസ്റ്റർ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് (സിബിസിഎസ്എസ്- സപ്ലിമെന്ററി-2023 അഡ്മിഷൻ), മേയ് 2026 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ലാസ്യ അപേക്ഷ ക്ഷണിച്ചു
കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള പിലാത്തറയിലെ ലാസ്യ കോളജ് ഓഫ് ഫൈൻ ആർട്സിൽ നാല് വർഷ ബിരുദ പ്രോഗ്രാമുകളായ ബിഎ ഭരതനാട്യം, ബിഎ കർണാടിക് മ്യൂസിക്, ബിരുദാനന്തര ബിരുദ പ്രോഗ്രാമായ എംഎ. ഭരതനാട്യം എന്നീ പ്രോഗ്രാമുകളുടെ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. താത്പര്യമുള്ള വിദ്യാർഥികൾ സർവകലാശാല അഡ്മിഷൻ വെബ്സൈറ്റിൽ ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ചതിനു ശേഷം അപേക്ഷയുടെ പകർപ്പ് കോളജിൽ സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ ആയി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 22 ആണ്.
Kerala
തലശേരി: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എടയന്നൂരിലെ എസ്.പി. ഷുഹൈബിനെ (29) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ ജൂൺ ഒന്നു വരെ പ്രിൻസിപ്പൽ സെഷൻസ് കോടതി സ്റ്റേ ചെയ്തു.
പ്രതിഭാഗം നൽകിയ കോടതിമാറ്റ ഹർജിയിൽ ഇന്നലെ വാദം നടന്നു. തുടർന്നാണ് വിചാരണ ജൂൺ ഒന്ന് വരെ സ്റ്റേ ചെയ്തത്.
കോടതി മാറണമെന്ന പ്രതിഭാഗത്തിന്റെ ഹർജിക്ക് നിയമപരമായ അടിത്തറയില്ലെന്നും കേസ് നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണു നടക്കുന്നതെന്നും ഓരോ കക്ഷികളും ഇത്തരം കോടതിമാറ്റ ഹർജികൾ നൽകിയാൽ നിയമ സംവിധാനം തന്നെ തകരാറാകുമെന്നും സുപ്രീം കോടതി വിധികൾ ഉദ്ധരിച്ചുകൊണ്ട് കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു.
Kerala
കൊച്ചി: കേരളത്തെ നടുക്കിയ പത്തനംതിട്ട ഇലന്തൂര് ഇരട്ടനരിബലിക്കേസില് ഇന്ന് വിചാരണ ആരംഭിക്കും. തമിഴ്നാട് ധര്മപുരം സ്വദേശിനി പത്മയെ കൊലപ്പെടുത്തിയ കേസില് എറണാകുളം അഡീഷണല് സെഷന്സ് കോടതി അഞ്ചിലാണ് വിചാരണ. ഇതിനൊപ്പമുള്ള, കാലടിയില് താമസിച്ചിരുന്ന വടക്കാഞ്ചേരി സ്വദേശി റോസിലിയുടെ കൊലപാതകക്കേസില് അടുത്തയാഴ്ച വിചാരണ തുടങ്ങും.
പെരുമ്പാവൂര് സ്വദേശി മുഹമ്മദ് ഷാഫി, ആയുര്വേദചികിത്സകന് ഇലന്തൂര് പുളിന്തിട്ട കടകംപിള്ളില് ഭഗവല്സിംഗ്, ഭാര്യ ലൈല എന്നിവരാണ് ഒന്നുമുതല് മൂന്നുവരെ പ്രതികള്. കേസിലെ ഒന്നാംസാക്ഷിയും പരാതിക്കാരിയുമായ പത്മയുടെ ഇളയസഹോദരി പഴനിയമ്മയെ ഇന്ന് വിസ്തരിക്കും.
സാമ്പത്തിക ഉന്നമനത്തിനും ഐശ്വര്യപൂജയ്ക്കുമായി പത്മയെയും റോസിലിയെയും ഭഗവല് സിംഗിന്റെയും ലൈലയുടെയും ഇലന്തൂരിലെ വീട്ടിലെത്തിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 സെപ്റ്റംബര് 16നായിരുന്നു ഇരട്ടക്കൊലപാതകം. ഒക്ടോബര് 11ന് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു.
ക്രൂരതയിലൂടെയുള്ള ആനന്ദവും പണവുമായിരുന്നു ഷാഫിയുടെ ലക്ഷ്യം. സാമ്പത്തിക ഉന്നതിയും ഐശ്വര്യവുമായിരുന്നു മറ്റു രണ്ട് പ്രതികളും ലക്ഷ്യമിട്ടത്. നരബലി നടത്തണമെന്ന് നിര്ദേശിച്ചത് ഷാഫിയാണ്. പത്മയുടെയും റോസിലിയുടെയും മാംസം ഉരുളിയില് പാചകംചെയ്ത് പ്രതികള് കഴിച്ചതായും കുറ്റപത്രത്തിലുണ്ട്. പത്മയെ അതിക്രൂരമായി കൊന്നശേഷം 56 കഷണങ്ങളാക്കി ഭഗവല്സിംഗിന്റെ ഇലന്തൂരിലെ പുരയിടത്തില് കുഴിച്ചിട്ടു. റോസിലിയുടെ അസ്ഥികൂടമാണ് ലഭിച്ചത്.
ഡിഎന്എ ഫലത്തിലൂടെയാണ് മൃതദേഹങ്ങള് തിരിച്ചറിഞ്ഞത്. ഉരുളിയും മാംസം മുറിക്കാന് ഉപയോഗിച്ച കത്തിയുമടക്കം കണ്ടെടുത്തിരുന്നു. പാചകംചെയ്ത മാംസം പ്രതികള് മൂവരും ഭക്ഷിച്ചു. ബാക്കി ഫ്രിഡ്ജില് സൂക്ഷിച്ചു. മറ്റ് ശരീരഭാഗങ്ങള് പറമ്പില് കുഴിച്ചിട്ടു.
കൊലപാതകം, ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്, തെളിവ് നശിപ്പിക്കല്, മോഷണം, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ജഡ്ജി ടി. മധുസൂദനനാണ് കേസ് പരിഗണിക്കുന്നത്. പി. അജകുമാറാണ് സ്പെഷ്യല് പബ്ലിക് പ്രോസിക്യൂട്ടര്.
Kerala
കൊച്ചി: സ്ത്രീകള്ക്കും കുട്ടികള്ക്കും എതിരേയുള്ള കുറ്റകൃത്യങ്ങളില് അതിവേഗ അന്വേഷണവും വിചാരണയും പൂര്ത്തിയാക്കി കുറ്റവാളികളെ ശിക്ഷിക്കുന്നതില് കേരളം രാജ്യത്തിനു മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ഒരു കുറ്റം നടന്ന് നൂറു ദിവസത്തിനുള്ളില്ത്തന്നെ അന്വേഷണവും വിചാരണയും പൂര്ത്തിയാക്കി പ്രതിയെ ജയിലിലെത്തിക്കാന് സംസ്ഥാനത്തിനു കഴിയുന്നുണ്ട്.
ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്റെ രജതജൂബിലി ആഘോഷങ്ങള് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. പ്രോസിക്യൂഷന് ഡയറക്ടറേറ്റിന്റെ ലോഗോ ഹൈക്കോടതി ചീഫ് ജസ്റ്റീസ് സൗമെന് സെന് ഓണ്ലൈനായി പ്രകാശനം ചെയ്തു.
രജതജൂബിലി സുവനീറിന്റെ കവര് ചിത്ര പ്രകാശനം അഡ്വക്കറ്റ് ജനറല് കെ. ഗോപാലകൃഷ്ണക്കുറുപ്പ് നിര്വഹിച്ചു. ടി.എ. ഷാജി, കെ.കെ. ഫരീദ മജീദ് തുടങ്ങിയവര് പങ്കെടുത്തു.
International
പാരീസ്: ഫ്രാൻസിലെ തീവ്ര വലതുപക്ഷ നേതാവ് മാരീൻ ലെ പെന്നിന് ജൂലൈ ഏഴ് വിധിദിനം. മാരീൻ ലെ പെന്നിനെതിരായ അഴിമതിക്കേസിൽ പാരീസ് അപ്പീൽ കോടതി ജൂലൈ ഏഴിന് വിധിപറയും.
വിധി പ്രതികൂലമായാൽ പ്രതിപക്ഷ നേതാവായ അവർക്ക് അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല.
യൂറോപ്യന് യൂണിയൻ പാര്ലമെന്റിന്റെ പണം ദുരുപയോഗം ചെയ്തെന്ന കേസിൽ വിചാരണക്കോടതി നേരത്തേ പെന്നിനെ ശിക്ഷിച്ചിരുന്നു. ഈ വിധിയെ ചോദ്യം ചെയ്താണ് പെൻ അപ്പീൽ കോടതിയെ സമീപിച്ചത്. കുറ്റക്കാരിയെന്ന് കണ്ടെത്തിയാൽ, തെരഞ്ഞെടുക്കപ്പെട്ട പദവി വഹിക്കുന്നതിൽനിന്ന് വിലക്ക് ലഭിച്ചേക്കാം.
National
മുംബൈ: മുംബൈ ഭീകരാക്രമണക്കേസിന്റെ മുഖ്യസൂത്രധാരൻ അബു ജിൻഡാലിനെതിരേ വിചാരണ ഏഴുവർഷത്തിനുശേഷം പുനരാരംഭിക്കുന്നു.
രഹസ്യരേഖകൾ പ്രതിക്കു കൈമാറണമെന്ന വിചാരണക്കോടതി ഉത്തരവ് ബോംബെ ഹൈക്കോടതി റദ്ദാക്കിയതോടെയാണിത്. 2018 ലെ വിചാരണക്കോടതി ഉത്തരവിനെതിരേ പോലീസും വ്യോമയാന മന്ത്രാലയവും വിദേശകാര്യവകുപ്പും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
2008 നവംബറിൽ മുംബൈയിൽ ആക്രമണം നടത്തിയ പത്ത് പാക് ഭീകരരെ ഇന്ത്യയിലെത്തിച്ചത് സബിയുദ്ദിൻ അൻസാരി എന്ന അബു ജിൻഡാലാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
Kerala
കോട്ടയം: വരവില് കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ ഡിജിപി ടോമിന് ജെ. തച്ചങ്കരിക്കെതിരെ വിചാരണ തുടങ്ങി. കോട്ടയം വിജിലൻസ് കോടതിയിലാണ് വിചാരണ തുടങ്ങിയത്.
28 ദിവസം കൊണ്ട് വിചാരണ പൂർത്തിയാകും. കേസിൽ 130 സാക്ഷികളെ വിസ്തരിക്കും. 2003 ലാണ് കേസിനാസ്പദമായ സംഭവം. സർവീസ് കാലാവധിയിൽ 138 ശതമാനമാണ് വരവിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയത്. അതിൽ തന്നെ ആദ്യം 64 ലക്ഷം രൂപ കണ്ടെത്തിയിരുന്നു.
അതിവേഗം കേസ് പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും വർഷങ്ങളോളം നിയമ വ്യവഹാരം നടന്ന കേസാണിത്.